Monday, 1 February 2016

തിരുനബിയെ കാണാൻ

ശാമിലുള്ള ഒരു ജൂതന് എല്ലാ ശനിയാഴ്ചയും തൗറാത്ത് വായിക്കാറുണ്ടായിരുന്നു. 
അന്ത്യപ്രവാചകര് മുഹമ്മദ് നബി(സ്വ)യുടെ വിശേഷണം നാലു സ്ഥലങ്ങളില് അദ്ദേഹം വായിച്ചെടുത്തു. അരിശംപൂണ്ട്, ആ സ്ഥലങ്ങള് വെട്ടിമാറ്റി കരിച്ചുകളഞ്ഞു. 
പക്ഷേ അടുത്ത ശനിയാഴ്ച തൗറാത്ത് വായിച്ചപ്പോള് പുണ്യനബിയുടെ വിശേഷണം എട്ടു സ്ഥലങ്ങളിലാണ് കണ്ടത്. ആ ഭാഗങ്ങളും അദ്ദേഹം വെട്ടിയെടുത്ത് കത്തിച്ചു.
പിറ്റേയാഴ്ച പന്ത്രണ്ട് സ്ഥലങ്ങളിലാണ് നബിവിശേഷം വായിച്ചത്. അദ്ദേഹം ചിന്താധീനനായി. ഇനിയും വെട്ടിമാറ്റുകയും കത്തിക്കുകയും ചെയ്താല് എനിക്ക് തൗറാത്ത് മുഴുവന് കരിക്കേണ്ടി വരുമല്ലോ! “”ഏതായാലും മുഹമ്മദ് നബി ആരാണെന്ന് അറിയണം” അദ്ദേഹം ഉറപ്പിച്ചു. കൂട്ടുകാരോട് ചോദിച്ചപ്പോള് “”മുഹമ്മദ് കള്ള പ്രവാചകനാണ്. നീ മുഹമ്മദിനേയും മുഹമ്മദ് നിന്നെയും കാണാതിരിക്കലാണ് ഉത്തമം” എന്നായിരുന്നു പ്രതികരണം. 
അയാള് സമ്മതിച്ചില്ല. “”മൂസയുടെ തൗറാത്ത് തന്നെ സത്യം, എനിക്ക് മുഹമ്മദിനെ കണ്ടേ തീരൂ, ഇതെന്റെ ആഗ്രഹമാണ്.” ലക്ഷ്യസാഫല്യത്തിനായി അദ്ദേഹം മദീനയിലേക്ക് യാത്രതിരിച്ചു.
കാതങ്ങള് നീണ്ട, വളരെ ക്ലേശകരമായ യാത്ര അവസാനിച്ചത് മദീനാ പള്ളിയുടെ ചാരത്താണ്. മദീനയിലാകമാനം ശോകമൂകമായ അന്തരീക്ഷമായിരുന്നു അപ്പോള്. ആദ്യം കണ്ടത് ഒരു ചെറുപ്പക്കാരനെയാണ്. പ്രകാശിക്കുന്ന മുഖം. സുന്ദരന്. ഭക്തി സ്ഫുരിക്കുന്ന പ്രസന്നത. (നബിസദസ്സിലെ പൗരപ്രധാനി സല്മാനുല്ഫാരിസി(റ)യായിരുന്നു അത്.) “”നിങ്ങള് മുഹമ്മദ് നബിയാണോ?” ജൂതന് ചോദിച്ചു. അതുകേട്ട് സല്മാനുല് ഫാരിസി(റ) കരഞ്ഞു. കാരണം നബി(സ്വ) തങ്ങള് മരണപ്പെട്ടതിന്റെ മൂന്നാം ദിനമായിരുന്നു അത്. പക്ഷേ, സല്മാനുല് ഫാരിസി(റ) ചിന്തിച്ചത് ഇങ്ങനെയാണ്: മുഹമ്മദ് നബി(സ്വ) വഫാത്തായി എന്നു പറഞ്ഞാല് ഇദ്ദേഹം തിരിച്ചുപോകും. മറിച്ചായാല് ഞാന് കളവ് പറഞ്ഞവനാകും. “”ഞാന് മുഹമ്മദിന്റെ ഒരു അനുചരന് മാത്രമാണ്. നിങ്ങള് വരൂ” എന്ന് പറഞ്ഞ് സല്മാന്(റ) അദ്ദേഹത്തെ മദീനാ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഃഖം കടിച്ചമര്ത്തി സ്വഹാബികള് പള്ളിയില് ഇരിപ്പുണ്ടായിരുന്നു.
മുഹമ്മദ് നബി ഉണ്ടെന്നു കരുതി ജൂതന് ഉറക്കെ വിളിച്ചു പറഞ്ഞു: “”അസ്സലാമു അലൈക യാ മുഹമ്മദ്”. സ്വഹാബികള് അതുകേട്ട് കണ്ണീര് വാര്ത്തു. അമ്പരന്ന ജൂതന് വീണ്ടും പറഞ്ഞു: “”അസ്സലാമു അലൈക യാ മുഹമ്മദ്”. ചിലര് ചാടിയെണീറ്റ് ചോദിച്ചു: “”നീ ആരാണ്? നീ ഞങ്ങളുടെ വേദന വര്ധിപ്പിച്ചുവല്ലോ. മുഹമ്മദ് നബി(സ്വ) മൂന്നു ദിവസം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു!!” 
ഇതു കേട്ടതും ജൂതന് ആര്ത്തട്ടഹസിച്ചു: ഞാന് ഇത്രയും പ്രയാസപ്പെട്ട് ഇവിടെ വന്നത് മുഹമ്മദിനെക്കാണാനാണ്. എനിക്കതിന് കഴിഞ്ഞില്ലല്ലോ. എന്റെ ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നുവെങ്കില് എത്ര നന്നായിരുന്നു. ഇനി ഞാന് തൗറാത്ത് പാരായണം ചെയ്യില്ല. നബി(സ്വ)യെക്കുറിച്ച് വായിക്കുമ്പോള് എനിക്കു സങ്കടമാകും. തുടര്ന്ന് അയാള് ചോദിച്ചു:
“”ആരാണ് എനിക്ക് നബി(സ്വ)യുടെ വിശേഷണം പറഞ്ഞുതരിക. എനിക്കതു കേള്ക്കണം?”
ഒരാള് മുന്നോട്ട് വന്ന് പറഞ്ഞു: ഞാന് തയ്യാറാണ്.
ജൂതന് ചോദിച്ചു: “”നിങ്ങളുടെ പേരെന്താണ്?”
“”അലി”
അത്ഭുതത്തോടെ ജൂതന്: “”ഈ പേര് ഞാന് തൗറാത്തില് വായിച്ചിട്ടുണ്ട്.”
അലി(റ) വിശദീകരിച്ചു: “”മുഹമ്മദ്നബി(സ്വ) ഉയരം കൂടിയവരോ ഉയരം കുറഞ്ഞവരോ അല്ല. വെളുത്ത് സൗന്ദര്യം തുടിക്കുന്ന വട്ടമുഖമാണ്. നബി(സ്വ) തങ്ങള് ചിരിതൂകുന്ന സമയത്ത് മുമ്പല്ലുകള് പ്രകാശിക്കും. ആകര്ഷക സ്വഭാവമായിരുന്നു.”
ജൂതന് പ്രതികരിച്ചു: “”നിങ്ങള് സത്യം പറഞ്ഞിരിക്കുന്നു. ഇത് ഞാന് തൗറാത്തില് വായിച്ചിട്ടുണ്ട്.”
ശേഷം അയാള് ചോദിച്ചു: “”മുത്തുനബിയുടെ വസ്ത്രമോ മറ്റോ എനിക്കൊന്ന് വാസനിക്കാന് തരുമോ?”
അലി(റ) സല്മാന്(റ)വിനെ വിളിച്ചു പറഞ്ഞു: ഉപ്പയുടെ ജുബ്ബ ഒന്ന് തരാന് പറയൂ, ഫാത്വിമയോട്.
സല്മാന്(റ) ചെല്ലുമ്പോള് നബി(സ്വ) തങ്ങളുടെ പേരമക്കളായ ഹസനും ഹുസൈനും കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഫാത്വിമ(റ) കരഞ്ഞുകൊണ്ടാണ് വാതില് തുറന്നത്. 
അവര് ചോദിച്ചു: അനാഥമായ ഈ വീടിന്റെ വാതിലില് ആരാണ് മുട്ടുന്നത്? സല്മാന്(റ) കാര്യം വിശദീകരിച്ചു കൊടുത്തു. ഫാത്വിമ(റ) മുത്ത് നബി(സ്വ)യുടെ (ഏഴു പ്രാവശ്യം തുന്നിയ) ജുബ്ബ സല്മാന് ഫാരിസി(റ)ന്റെ കയ്യില് കൊടുത്തു. ജുബ്ബ അലി(റ) ചുംബിച്ചു. ശേഷം സ്വഹാബത്ത് ഒന്നടങ്കം ചുംബിച്ചു. തുടര്ന്ന് ജൂതന്റെ കയ്യില് കൊടുത്തു. അയാള് പറഞ്ഞു: “”ഇതെന്തൊരു സുഗന്ധമാണ്, വല്ലാത്ത അനുഭവം തന്നെ.”
പിന്നീട് നബി(സ്വ)യുടെ ഖബറിന്റെ സമീപം ചെന്ന് ശഹാദത്ത് കലിമ ചൊല്ലി: അല്ലാഹ്, നീ ഏകനാണെന്നും ഇവിടെ വിശ്രമിക്കുന്ന മഹാന് നിന്റെ റസൂലും അടിമയുമാണെന്നും ഞാന് സാക്ഷ്യം വഹിക്കുന്നു. ഈ വിശ്വാസം നീ സ്വീകരിച്ചുവെങ്കില് ഇപ്പോള് തന്നെ എന്നെ മരിപ്പിക്കണേ… ഉടനെ അദ്ദേഹം ബോധരഹിതനായി വീഴുകയും അന്ത്യശ്വാസം വലിക്കുകയും  ചെയ്തു. സ്വഹാബികള് അദ്ദേഹത്തെ ജന്നത്തുല് ബഖീഇല് ഖബറടക്കി.
(അവലംബം: ഇമാം സമര്ഖന്തിയുടെ തന്ബീഹുല് ഗാഫിലീന്).
ﺍَﻟﻠَّﻬُﻢَّ ﺻَﻞّ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ........ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ .......

No comments:

Post a Comment