ലോകത്തിലേറ്റമുത്തമരാം പ്രവാചകരേ സലാം
കാരുണ്യ സാഗര സമുച്ചയ സാന്ദ്രമേ...
അങ്ങയാല്‍ വര്‍ഷിക്കും സ്നേഹോജ്ജ്വല
പ്രഭാപൂരങ്ങള്‍
പ്രസരിക്കുമിന്നുമെന്നും ലോകൈക
ജീവജാലങ്ങളിലായ്
സാദരം സലാം മൊഴിയുമങ്ങേക്കായ്
ആയിരത്തി നാനൂറ് വത്സരമപ്പുറം
അജ്ഞതയില്‍ അന്തര്‍ലയിച്ചൊരറേബ്യ-
നിവാസികളിലായ്
ജ്ഞാനസ്ത്രോതസ്സ് വര്‍ഷിച്ച ഉല്‍കൃഷ്ട
പ്രബോധകാ
പ്രപഞ്ച സൃഷ്ടിക്ക് ഹേതുവാം
കാരുണ്യ കേതാര രത്നമേ....
പാവങ്ങള്‍ വാഴും ഗേഹങ്ങളില്‍
സ്നേഹ സൂനമായ്
പരിമളം പരത്തിയ ശ്രേഷ്ടരെ...
അന്നൊരു കാലത്തിലറേബ്യന്‍ജനതയില്‍
ആചാരമായവര്‍ചെയ്തു പോന്നുപോല്‍
പെണ്മക്കളായ് പിറന്ന് പോകയാലവര്‍
ജീവനാല്‍ കുഴിച്ചിട്ട്
കൊല ചെയ്തു പോന്നുപോയ്
ആ ഇളംമക്കള്‍ തന്‍ജീവന്‍-
തുടിപ്പുകള്‍ മീട്ടിയ രോദനം,
അഹോ കഷ്ടമിതെത്ര നിഷ്ഠൂരം
അജ്ഞതയിലമര്‍ന്നവര്‍ ചെയ്തൊരു തെറ്റുകള്‍
തിരുത്തി നേര്‍വഴി കാട്ടിയ മാനവാ
അടിമത്വ വാഴ്ച്ചകളെല്ലാം നിലച്ചുപോയ്
ഈ മഹദ് വ്യക്തി തന്‍ കര്‍മ്മത്തിനധീനമായ്
നാരീ ജനങ്ങള്‍ക്കേറ്റം പവിത്രത നല്‍കിയ
മന്നവാ...
സാദരം സലാം മൊഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതല ജാലങ്ങള്‍
ചെയ്തികളെല്ലാമരോചകമായി
ഭവിച്ചൊരറേബ്യാപ്രമുഖരവ-
രാവര്‍ത്തിച്ചന്ന് പറഞ്ഞ്‌പോയ്,
രാജ്യാധികാരമതെല്ലാതെന്തു-
വേണമെന്നരുളുക സോദരാ....
സൂര്യ ചന്ദ്രാതികളെയെന്‍
കരങ്ങളിലേകിയാലും
വ്യതിചലിക്കില്ല ഞാനെന്‍
ആദര്‍ശത്തില്‍ നിന്നൊരണുകിടയും
പ്രപഞ്ച സൃഷ്ടിക്ക് ഹേതുവാം
സാദരം സലാം മോഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതലജാലങ്ങള്‍
യുദ്ധത്തില്‍ ബന്ദികളാക്കിയവരാല്‍
നിരക്ഷരരെ സാക്ഷരരാക്കിയ ഗുരുവര്യരെ
അനാഥകള്‍ക്കാശാകിരണമായ നാഥരെ
അനുദിനമുള്ളൊരു വരുമാനമെല്ലാ-
മശരണരര്‍ക്കായ് പകുത്തൊരു ധര്‍മ്മിഷ്ഠരെ
ഇരുദിക്കിലായ് ചന്ദ്രനെ പിളര്‍ത്തി
അത്ഭുതം കാട്ടിയ ദിവ്യരെ!
അതിഥികളായുള്ള ക്രൈസ്തവ
പഥികര്‍ക്കാരാധാനക്കായ്
പള്ളിതുറന്നൊരു മഹോത്തരെ
വരള്‍ച്ചയാല്‍വരണ്ടൊരു ഭുവിനെ
പെയ്തു തിമിര്‍ക്കും പേമാരിയാല്‍
പുളകിതമാക്കിയ മഹോന്നതരെ
അംഗുലത്താല്‍ പ്രവഹിക്കും നീര്‍ജലത്താല്‍ ,
യോദ്ധാക്കള്‍ തന്‍ ദാഹം ശമിപ്പിച്ച നായകാ...
സാദരം സലാം മോഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതലജാലങ്ങള്‍
അങ്ങയെ വാഴ്ത്തും പ്രകീര്‍ത്തനങ്ങള്‍
ചോല്ലിതീര്‍ക്കുവാന്‍ കോടിജന്‍മങ്ങ
ളസാദ്ധ്യമാം രൂപേണയായ്
ആലേഖനംചെയ്തൊരു നാഥന്‍ തന്‍
വൈഭവമെത്രയോ മഹത്തരം.!
صلي الله علي محمد .صلي الله عليه وسلم
No comments:
Post a Comment