Sunday, 3 January 2016

നിനവ്



വിതുമ്പും മനസിൻ കണ്ണീർ തുടക്കുവാൻ
കനവിൽ വരുമോയെൻ പുണ്യ റസൂലെ
അകതാരിൽ അലതല്ലും ആശയാണെന്നുടെ
തിരുഹബീബിൻ ചാരത്തെണയുവാൻ
വിതുമ്പും അധരവും തുടിക്കും ഹൃദയവും
അകതാരിൽ തുടികൊട്ടും തിരുനബി സ്നേഹവും
ആർദ്രമാമെൻ മിഴികളിൽ വിരുന്നായ് റസൂൽ
നിനവിലും കനവിലും വരുന്നതെന്നാ!
കാരുണ്യവാരിധിയാം പ്രപഞ്ച നാഥാ നീയെന്‍
പാപങ്ങളഖിലവും പൊറുത്തീടണെ
ഒഴുകുമാശ്രുകണങ്ങളിൽ കഴുകട്ടെ ഞാനെന്റെ 
നയനങ്ങൾ ചെയ്തുള്ള പാപഭാരം
മനം വൃഥാ ആശിച്ചു പോകയാണിപ്പോഴും ഞാൻ
തിരുഹബീബിൽ കാലത്ത് ജനിച്ചിരുന്നെങ്കിൽ!!
നിദ്രാ വിഹീനമാം രാവുകൾ പകരട്ടെ
സത്യ പ്രവാചകർ തന്‍ സ്നേഹ പ്രപഞ്ചം
ചേർത്തിടണെ തിരുനബി സ്നേഹത്തെ റബ്ബെ നീ
എന്‍ സിരകളിൽ ഒഴുകുന്ന ചുടു രക്തത്തിലും
ഏകണേ വിധി എന്നിൽ റൌള കാണാന്‍
മരണത്തിൻ വിളിക്കുത്തരം ചെയ്യും മുമ്പെ
ചൊരിയു നീ നബിയോരിൽ സ്വലാത്തും സലാമും 
വന്ദ്യർ സഹബോരിലും തിരു കുടുംബത്തിലും
ചേർക്ക് നാഥാ അവർക്കൊപ്പം പാപിയാമെന്നെയും
റബ്ബെ നിൻ സ്വർഗ്ഗ പൂങ്കാവനത്തിൽ!!!

صلي الله علي محمد .صلي الله عليه وسلم

കനവിലും നിനവിലും തിരുനബിയുടെ ആഗമനം പ്രതീക്ഷി ക്കുന്നവരും ആഗ്രഹിക്കുന്നവരുമാണ് പ്രവാചക പ്രേമികൾ. പ്രവാചക തിരു സവിധത്തിൽ അണയാൻ അകതാരിൽ അതിയായ മോഹമാണവര്‍ക്ക് . മരണത്തിനു മുമ്പ് തിരു നബി സന്നിധിൽ എത്താന്‍ അല്ലാഹുവിനോട് സദാസമയവും പ്രാർത്ഥിക്കുന്നവരുമാണവർ. ഈ കവിതയുടെ പ്രമേയവും ഇത് തന്നെ. 

No comments:

Post a Comment