Thursday, 31 December 2015

ഔലിയാക്കളും കറാമത്തും



🔰ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഔലിയാക്കളും കറാമത്തും എന്നത്. വലിയ്യ്, കറാമത്ത് എന്നീ പദങ്ങള്‍ കേവല സങ്കല്‍മാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളില്‍ അവക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പുത്തന്‍വാദികള്‍ പറഞ്ഞുപരത്തുന്നു.
🔰ഔലിയാക്കളെയും യോഗാസനങ്ങളിലൂടെ അല്‍ഭുതം സൃഷ്ടിക്കുന്ന വ്യാജസിദ്ധന്മാരെയും സമന്മാരാക്കാനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആരാണ് വലിയ്യ്, എന്താണ് കറാമത്ത്, ഔലിയാക്കളും വ്യാജന്മാരും തമ്മില്‍ എങ്ങനെ വ്യതിരിക്തമാകുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
🔶ആരാണ് വലിയ്യ്🔶
ഔലിയാഅ് എന്നത് വലിയ്യ് എന്ന അറബീ പദത്തിന്റെ ബഹുവചനമാണ്. മലയാളത്തില്‍ പൊതുവെ ഇത് ഏകവചനമായി ഉപയോഗിക്കപ്പെട്ടുകാണുന്നു. വലിയ്യ് എന്നതിന് മഹാന്മാര്‍ നല്‍കിയ നിര്‍വചനം ഇപ്രകാരമാണ്:
🔵കഴിവിന്റെ പരമാവധി അല്ലാഹുവിനെക്കുറിച്ചും അവന്റെ വിശേഷണങ്ങളെക്കുറിച്ചും അറിയുന്ന, സര്‍കര്‍മങ്ങള്‍ നിത്യമായി ചെയ്യുന്ന, പാപങ്ങളില്‍നിന്ന് വെടിഞ്ഞുനില്‍ക്കുന്ന, സുഖാഢംബരങ്ങളിലും ശരീരേച്ഛകളിലും മുഴുകുന്നതില്‍നിന്നും തിരിഞ്ഞു കളയുന്ന വ്യക്തിയാണ് വലിയ്യ്” (ശറഹുല്‍ അഖാഇദ്, നിബ്‌റാസ് സഹിതം: 295, ജംഉല്‍ ജവാമി: 2/420). കൂടാതെ മറ്റു ഗ്രന്ഥങ്ങളിലും ഇതേ നിര്‍വചനം കാണാവുന്നതാണ്.
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഫഖ്‌റുദ്ദീനുര്‍റാസി (റ) പറയുന്നു: വലിയ്യ് എന്നാല്‍ അടുത്തവന്‍ എന്നാണ് അര്‍ത്ഥം. സല്‍കര്‍മങ്ങളും നിഷ്‌കളങ്ക പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുക മൂലം ഒരാള്‍ അല്ലാഹുവുമായി അടുക്കുകയും കാരുണ്യവും ഔദാര്യവും വഴി അല്ലാഹു അടിമയിലേക്ക് ഇങ്ങോട്ട് അടുക്കുകയും ചെയ്താല്‍ അവിടെ വിലായത്ത് പദവി ജനിക്കുന്നു (റാസി:21/72). ചുരുക്കത്തില്‍, അല്ലാഹുവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നവനാണ് വലിയ്യ് എന്ന് മനസ്സിലാക്കാം.
🔶എന്താണ് കറാമത്ത്🔶
ഔലിയാക്കളില്‍ കണ്ടുവരുന്ന അല്‍ഭുത സിദ്ധികളാണ് കറാമത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇമാം തഫ്താസാനി (റ) പറയുന്നു:
🔵മുന്‍ചൊന്ന വ്യക്തിയില്‍നിന്ന് നുബുവ്വത്ത് വാദവുമായി ബന്ധപ്പെടാത്ത രൂപത്തില്‍ അസാധാരണ സംഭവം വെളിപ്പെടുന്നതിന് കറാമത്ത് എന്ന് പറയുന്നു.
നുബുവ്വത്ത് വാദവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതിന് മുഅ്ജിസത്ത് എന്നാണ് പേര്. ‘മുന്‍ ചൊന്ന വ്യക്തി’ എന്ന് നിര്‍വചനത്തില്‍ ഉപയോഗിച്ചതില്‍നിന്നും മുന്‍ചൊന്ന വിശേഷണങ്ങള്‍ അടങ്ങിയിട്ടില്ലാത്ത വ്യക്തിയില്‍നിന്നും അല്‍ഭുതങ്ങള്‍ സംഭവിച്ചാല്‍ അതിന് കറാമത്ത് എന്നു പറയില്ലായെന്ന് മനസ്സിലായി. അപ്പോള്‍ അമുസ്‌ലിംകളില്‍നിന്നും ദുര്‍ജനങ്ങളില്‍നിന്നുമൊക്കെ അല്‍ഭുതങ്ങള്‍ സംഭവിക്കാവുന്നതാണ്. പക്ഷെ, അതൊരിക്കലും കറാമത്തല്ല. മറിച്ച്, കേവലം കണ്‍കെട്ടു സിദ്ധികള്‍ മാത്രമാണ്. അല്‍ഭുത സിദ്ധികള്‍ വിവിധ തരമുണ്ട്. അതേക്കുറിച്ച് ഇവിടെ വിവരിക്കാം
🔶വിവിധയിനം അല്‍ഭുത സിദ്ധികള്‍🔶
ശറഹുല്‍ അഖായിദിന് വ്യാഖ്യാനമെഴുതിയ പണ്ഡിതന്‍ അബ്ദുല്‍ അസീസ് മുല്‍ത്താനി ‘നിബ്‌റാസ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
🔵അസാധാരണ സംഭവങ്ങള്‍ ഏഴു തരത്തിലാണ്:
1. മുഅ്ജിസത്ത് അഥവാ അമ്പിയാക്കളില്‍നിന്നുണ്ടാകുന്ന അസാധാരണ സംഭവം.
2. കറാമത്ത് അഥവാ ഔലിയാക്കളില്‍നിന്നുണ്ടാകുന്ന അസാധാരണ സംഭവം.
3. മഊനത്ത് അഥവാ വലിയ്യുമല്ല അതേസമയം തെമ്മാടിയുമല്ല അത്തരത്തിലുള്ള സാധാരണ വിശ്വാസികളില്‍നിന്നും ഉണ്ടാകുന്നവ.
4. ഇര്‍ഹാസ്വ്: പ്രവാചകത്വ ലബ്ധിക്കു മുമ്പു പ്രവാചകന്മാരില്‍നിന്നുണ്ടാകുന്നവ. പുണ്യതിരുമേനിയോട് കല്ലുകള്‍ സലാം പറഞ്ഞത് ഇതിന് ഉദാഹരണമാണ്.
5. ഇസ്തിദ്‌റാജ്: പരസ്യമായി ദോഷം ചെയ്യുന്ന അവിശ്വാസിയില്‍നിന്ന് തന്റെ ലക്ഷ്യത്തിന് അനുയോജ്യമായി ഉണ്ടാകുന്ന അല്‍ഭുത സംഭവം. ക്രമേണ അവനെ നരകത്തിലേക്ക് നയിക്കുന്നതിനാലാണ് ഇതിന് ഇസ്തിദ്‌റാജ് എന്നു പേര് വന്നത്.
6. ഇഹാനത്ത്: തെമ്മാടിയായ അവിശ്വാസിയില്‍നിന്ന് തന്റെ ലക്ഷ്യത്തിന് എതിരായി സംഭവിക്കുന്നവ. മുസൈലിമത്തുല്‍ കദ്ദാബ് വെള്ളത്തില്‍ തുപ്പിയപ്പോള്‍ ഉപ്പുജലമായി മാറിയതും കോങ്കണ്ണനെ തടവിയപ്പോല്‍ അന്ധനായി മാറിയതും ഇതിനു ഉദാഹരണങ്ങളാണ്.
7. സിഹ്‌റ് (മാരണം): പിശാചിന്റെ സഹായത്തോടെ ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ചെയ്യുക വഴി ദുര്‍ശരീരങ്ങള്‍ക്കു നടത്താന്‍ കഴിയുന്നവ (നിബ്‌റാസ്: 272).
🔵അപ്പോള്‍ അല്‍ഭുത സംഭവങ്ങള്‍ ഏതു തെമ്മാടിയില്‍നിന്നും ഉണ്ടാവാം എന്നു മനസ്സിലായി. അവ ഒരാള്‍ ഉന്നതനാണ് എന്നതിന്റെ മാനദണ്ഡമല്ല. മുല്‍താനി എഴുതുന്നു:
🔵ശക്തമായ യോഗാസനങ്ങള്‍ നിത്യമായി നടത്തുന്ന വ്യക്തിയില്‍ അവിശ്വാസിയാണെങ്കില്‍പോലും അസാധാരണ സംഭവങ്ങള്‍ പ്രകടമാകും. വിശ്വാസം കുറഞ്ഞ മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വന്‍ പരീക്ഷണമാണ്. അവര്‍ വഴി പിഴക്കാനും വിശ്വാസത്തില്‍ ഇടര്‍ച്ച വരാനും ഇതു കാരണമായേക്കും. ഈ വന്‍ പാപത്തില്‍നിന്ന് വിശ്വാസി സ്വന്തത്തെ രക്ഷിച്ചുകൊള്ളട്ടെ (നിബ്‌റാസ്: 295).
🔵ആള്‍ദൈവങ്ങളും പിശാച് സേവകരും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഓരോ മുസ്‌ലിമും കരുതിയിരിക്കേണ്ടതുണ്ട്.
🔶കറാമത്ത്: ഖുര്‍ആന്‍ പറയുന്നത്🔶
വിശ്വപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഫഖ്‌റുദ്ദീനുര്‍റാസി (റ) അല്‍ കഹ്ഫ് സൂറത്തിനെഴുതിയ വ്യാഖ്യാനത്തില്‍ കറാമത്തിനെ അധികരിച്ച് ദീര്‍ഘമായ ചര്‍ച്ച നടത്തുന്നുണ്ട്. വരികള്‍ അപര്യപ്തമായതിനാല്‍ അല്‍പം മാത്രം ഇവിടെ വിവരിക്കാം:
🔵ഒന്നാമതായി അദ്ദേഹം എണ്ണുന്നത് സൂറത്തു ആലു ഇംറാനില്‍ മര്‍യം ബീവിയെക്കുറിച്ച് പറഞ്ഞ സംഭവമാണ്. അല്ലാഹു പറയുന്നു: സകരിയ്യാ നബി അവരുടെ (മര്‍യം) അടുക്കല്‍ മിഹ്‌റാബില്‍ പ്രവേശിക്കുമ്പോഴെല്ലാംതന്നെ അവരുടെ സമീപം ഭക്ഷണം കണ്ടെത്തി. അല്ലയോ മര്‍യം, ഇത് നിനക്ക് എവിടെനിന്നാണ് ലഭിക്കുന്നത് എന്നു ചോദിച്ചു. അത് അല്ലാഹുവില്‍നിന്ന് വരുന്നതാണെന്ന് അവര്‍ പറഞ്ഞു (ആലു ഇംറാന്‍: 37). ഇത് കറാമത്തിന് തെളിവാണെന്ന് ശക്തമായ തെളിവിന്റെ പിന്‍ബലത്തോടെ മഹാനവര്‍കള്‍ സ്ഥിരീകരിക്കുന്നുണ്ട് (വിശദ വിവരങ്ങള്‍ക്ക് റാസി: 8/27 നോക്കുക).
🔵രണ്ടാമതായി ഇമാം റാസി പറയുന്നത് അസ്ഹാബുല്‍ കഹ്ഫിന്റെ ചരിത്രമാണ്. 309 വര്‍ഷത്തോളം യാതൊരു പോറലുമേല്‍ക്കാതെ സുഖനിദ്രയിലാണ്ടത് അവരുടെ കറാമത്ത് മൂലമായിരുന്നു. ഇങ്ങനെ ഒട്ടേറെ ആയത്തുകള്‍ കറാമത്തിന് തെളിവായി കണ്ടെത്താന്‍ കഴിയും.
🔶ഹദീസിന്റെ ഭാഷ്യം🔶
കറാമത്ത് സംബന്ധമായി ഹദീസ് എന്തു പറയുന്നുവെന്ന് നോക്കാം: സഈദ് ബിന്‍ മുസ്വയ്യബ് (റ) അബൂ ഹുറൈറയില്‍നിന്ന് നിവേദനം ചെയ്യുന്നു: ഒരാള്‍ ഒരു പശുവിന്മേല്‍ ചുമട് കയറ്റി സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പശു അദ്ദേഹത്തുനു നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു: ഞാന്‍ ഇതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. മറിച്ച്, കൃഷിയുടെ ആവശ്യാര്‍ത്ഥം സൃഷ്ടിക്കപ്പെട്ടതാണ്. അപ്പോള്‍ കൂടെയുള്ളവര്‍ (സ്വഹാബത്ത്) പറഞ്ഞു: സുബ്ഹാനല്ലാഹ്, ഒരു പശു സംസാരിക്കുകയോ? പ്രവാചകന്‍ പറഞ്ഞു: ഞാനും അബൂ ബക്‌റും ഉമറും ഇതില്‍ വിശ്വസിച്ചിരിക്കുന്നു (റാസി: 21/74) (മുസ്‌ലിം)
👉മറ്റൊരു ഹദീസ് കാണുക:
⚠️എത്രയെത്ര പൊടി പുരണ്ട, മുടി ജട കുത്തിയ ആളുകള്‍ തിരിഞ്ഞു നോക്കാത്ത രൂപത്തില്‍ രണ്ട് തുണ്ട് വസ്ത്രം മാത്രമുള്ള ആളുകളാണ്! അല്ലാഹുവിനെ മുന്‍നിറുത്തി അവര്‍ ഒരു സത്യം ചെയ്താല്‍ അല്ലാഹു അത് പൂര്‍ത്തിയാക്കിക്കൊടുക്കും.
🔵ഈ ഹദീസില്‍ ഏതു കാര്യം എന്ന് വ്യക്തമാക്കിയിട്ടില്ല. അപ്പോള്‍ അസാധാരണ സംഭവമായാലും അവര്‍ക്ക് അല്ലാഹു അത് നിറവേറ്റിക്കൊടുക്കും എന്നു മനസ്സിലായി.
⚠️ഇവ്വിഷയകമായി അനവധി അല്‍ഭുത സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ വന്നിട്ടുണ്ട്. ജുറൈജ് (റ) വിന്റെ സംഭവം അതില്‍പെട്ടതാണ്. നിസ്‌കാര സമയത്ത് മാതാവ് വിളിച്ചപ്പോള്‍ അദ്ദേഹം വിളി കേട്ടില്ല. തന്മൂലം മാതാവ് പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, വേശ്യകളെ കാണിച്ചിട്ടല്ലാതെ അവനെ നീ മരിപ്പിക്കരുതേ. അങ്ങനെ ഒരു വേശ്യ അദ്ദേഹത്തെ പിഴപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, കാര്യം നടന്നില്ല. വേശ്യ ആട്ടിടയനുമായി ബന്ധപ്പെടുകയും ജുറൈജില്‍നിന്നാണ് താന്‍ ഗര്‍ഭം ധരിച്ചതെന്ന് നുണപ്രചാരണം നടത്തുകയും ചെയ്തു. വേശ്യ പ്രസവിച്ചപ്പോള്‍ ചോരപ്പൈതലിനോട് ജുറൈജ് ചോദിച്ചു: നിന്റെ മാതാവ് ആരാണ്? കുട്ടി പറഞ്ഞു: ആട്ടിടയനാണ്. ഇത് ജുറൈജ് (റ) വിന്റെ ഒരു കറാമത്തായിരുന്നു.
🔵ഗുഹയില്‍ അകപ്പെട്ട മൂന്നു പേരുടെ സംഭവവും സ്വഹീഹായ ഹദീസില്‍ വന്നതാണ്. ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത രൂപത്തില്‍ വന്ന ഇത്തരം ഹദീസുകള്‍ കണ്ടില്ലെന്നു നടിക്കുന്ന എതിരാളികളോട് സഹതപിക്കുകയല്ലാതെ നിര്‍വാഹമില്ല.
📝📝ഭാഗം 1🔜Part 1📝📝
_____________________________
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍
_____________________________

No comments:

Post a Comment