Sunday, 22 November 2015

നബിദിനാഘോഷം - നൊണ്ടി ന്യായങ്ങൾക്ക് മറുപടി

മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ളവര്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനം ആഘോഷിക്കാറില്ല. അതിന് ചരിത്രപരവും വസ്തുതാപരവുമായ ഒട്ടേറെ കാരണങ്ങള്‍ അവര്‍ക്ക് പറയാനുമുണ്ട്.
(മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ള ഇമാം ഇബ്നു ഹജർ അസ്ഖലാനി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജർ ഹൈതമി, ഇമാം ഇബ്നുൽ ഹാജ്, ഇമാം അബൂ ശാമ(റ) എന്നിവർ നബിദിനാഘോഷം നല്ല ബിദ്.അത്താണ് എന്നു പ്രസ്താവിച്ചിട്ടുണ്ട്. അവരെ പിൻപറ്റുന്ന മുസ്.ലിം ഉമ്മത്തിനു ഇന്നലെ പൊട്ടിമുളച്ച 'മഹാ പണ്ഡിതർ' പറയുന്നത് ഏറ്റെടുക്കേണ്ട കാര്യമില്ല. പരിശുദ്ധ ഖുർആൻ പറഞ്ഞത് വിവരമുള്ളവരോട് ചോദിച്ചു പഠിക്കാനാണ്. മേൽ പറയപ്പെട്ട ഇമാമുമാർ വിവരമുള്ളവർ അല്ലെന്ന് ആർക്കും വാദമില്ല)
പ്രവാചകന്റെ ആദര്‍ശങ്ങളും അധ്യാപനങ്ങളും അവഗണിക്കപ്പെടുകയും പ്രവാചകന്‍ കേവലം ബിംബവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സമൂഹത്തില്‍ പ്രവാചകാധ്യാപനങ്ങള്‍ ജീവിതത്തില്‍ അനുധാവനം ചെയ്യുന്നു എന്നതാണ് യഥാര്‍ഥ പ്രവാചകസ്‌നേഹം എന്ന് ഇവര്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നു.
(എന്റെ ഖബ്.റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ എന്നു പ്രവാചകൻ തന്നെ പ്രാർത്ഥിച്ചതും പ്രവാചകന്റെ പ്രാർഥന ഉത്തരം ചെയ്യപ്പെടുന്നതുമാകുന്നു. അതു കൊണ്ട് ഇത്തരം പ്രയോഗങ്ങൾ എല്ലാം ദീനിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവരുടെ ജല്പനങ്ങൾ മാത്രം)
ഹൃദയാന്തരങ്ങളില്‍ നിന്ന് വിനയാന്വിതമായി വരേണ്ട പ്രാര്‍ഥനപോലും (സ്വലാത്ത് പ്രവാചകന് വേണ്ടി വിശ്വാസികള്‍ അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥനയാണ്)മുദ്രാവാക്യമായി പരിണമിച്ച ഇക്കാലത്ത് കുറേപേര്‍ ആദര്‍ശത്തെ മുറുകെ പിടിച്ച് നബിദിനാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നത്് അഭിനന്ദനാര്‍ഹമാണ്.
(സ്വലാത്തിനെ ഇവിടെ ആരും മുദ്രാവാക്യമാക്കിയിട്ടില്ല. 'അല്ലാഹു അക്ബറി'നെ മുദ്രാവാക്യമാക്കാമോ? അതിന്റെ അർഥം എന്താണ്? അത് പറയുമ്പോൾ വിനയം വേണ്ടേ??? സ്വലാത്ത് എന്നാൽ നബി(സ)ക്ക് വേണ്ടിയുള്ള പ്രാർഥന എന്നതിലുപരി, നമ്മുടെ പ്രാർഥന അല്ലാഹു സ്വീകരിക്കാനുള്ള ഒരു വസീല കൂടിയാണ്. അല്ലാഹു നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നു എന്നു പറഞ്ഞാൽ അതിന്റെ അർഥം അല്ലാഹു നബി(സ)ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണോ?)
നബിദിനമാഘോഷിക്കാത്തതിന്റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
('നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്.ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർ.ആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർ.ആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി(സ) ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈര് ഉള്ള കാര്യമാണെങ്കിൽ നബി(സ) ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല. നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്.അത്തും അല്ല. ഇനി, 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി(സ) രൂപീകരിച്ചതല്ല.)
2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല. (വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)യുടെ ജന്മദിനമാണ് എന്നതാണ്. നബി(സ) വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്)
3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ രൂപീകരിച്ചിട്ടുമില്ല)
4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ അംഗത്വമെടുത്തിട്ടുമില്ല.)
5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.
(വളരെ ശരിയാണ്, അന്നൊന്നും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ പൊടി പോലും ഉണ്ടായിരുന്നില്ല).
6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ പ്രവർത്തിക്കാൻ ഫത്.വ കൊടുത്തിട്ടുമില്ല)
7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.
(തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.)
8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?! (നബിദിനാഘോഷമെന്നാൽ, നബി(സ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്.ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബി(സ)യെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ?)
9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.
(അതിൽ കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളും ഇല്ല)
10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.
(അതെ, അതു കൊണ്ട് കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ ഉടൻ തന്നെ പിരിച്ചു വിടണം)
11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!
(പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???)
12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക.
(ജന്മദിനാഘോഷം പാടില്ലെന്ന് അതിൽ എവിടെയും പറഞ്ഞിട്ടില്ല)
13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല.
(തിങ്കളാഴ്ചനോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി(സ) പറഞ്ഞത്. മുസ്.ലിമിന്റെ ആഘോഷങ്ങൾ ശുക്.ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.) ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. (മുളഫറുദ്ദീന് രാജാവ് അങ്ങനെ പല 'ബിദ്.അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ. അദ്ദേഹത്തെ കുറിച്ച് നിബിദിനവിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ: ദഹബി പറയുന്നു:’മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു’.
14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!! (റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബി(സ)യോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിയെ സ്നേഹിക്കൽ നബിയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ?)
15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്. (പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു. സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി(സ) കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്??? ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്.ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.)
16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക!
(ആദ്യം കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ കാര്യത്തിൽ അത് ഉദ്ധരിക്കുക. എന്നിട്ടാവാം, നബിദിനത്തിന്റെ കാര്യം നോക്കൽ)
17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!
(അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബി(സ) അനുഗ്രഹമാണെന്ന് ആ ആയത്തിന്റ് മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർ.ആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.)
18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക! (വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.)
19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!
(മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്.ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു?)
20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക!
((ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)
എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?
മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!
(ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർ.ആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്.അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാ.അത്ത് പോലെയും ഖുർ.ആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്.അത്ത് തന്നെ)

1 comment:

  1. ഇതിൽ ഒന്നിനും മറുപടി കൊടുത്തിട്ടില്ല, ബിദ്അഅത് അല്ല(knm,ജമാഅത്തെ ഇസ്ലാമി)പോലോത്ത സംഘടനകൾ അന്ന് ഇല്ല എന്ന ആവർത്തന മറുപടി മാത്രം എല്ലാ ചോദ്യത്തിനും

    ReplyDelete